ഇന്നലെവരെ തട്ടുകട നടത്തിക്കൊണ്ടിരുന്ന,സ്കൂളിന്റെ പടിപോലും കയറിയിട്ടില്ലാത്ത രാമന് ഒരു സുപ്രഭാതത്തിൽ അമ്പതു ലക്ഷം രൂപയുടെ ഒരു ലോട്ടറി അടിക്കുന്നു.രാമന്റെ മാനസികാവസ്ഥ എന്തായിരിക്കും? മാനസിക പക്വതയും,ജീവിതാനുഭവങ്ങളും,പണം കൈകാര്യം ചെയ്യേണ്ടവിധവും അറിഞ്ഞുകൂടാത്ത രാമൻ ഒന്നാംതരം സിൽക്കുകൊണ്ടുതന്നെ ഷർട്ടു തയിപ്പിക്കാനും ആയിരങ്ങൾ വിലപിടിപ്പുള്ള സാരി ഭാര്യയ്ക്കു വാങ്ങിക്കൊടുക്കു വാനും തീരുമാനിച്ചുവെന്നുവരാം. എന്നാൽ ഷർട്ട് തയിപ്പിക്കുന്നത് തയ്യൽ നല്ല പരിചയമില്ലാത്ത തയ്യൽക്കാരനെക്കൊണ്ടായാലോ? പരിഷ്കൃതരീതിയിലുള്ള ഒന്നാംതരം ബെൻസ് കാർ തന്നെ വാങ്ങിയെന്നുവരാം. അതിന്റെ ഡോർ ലാഘവത്തോടെ അടയ്ക്കാനും തുറക്കാനും കഴിവില്ലായിരിക്കും. ഏതാണ്ടിതുപോലെയാണ് ബാല്യത്തോട് വിടവാങ്ങി കൗമാരത്തിന്റെ ചവിട്ടുപടികൾ കയറുന്ന കുമാരീകുമാരന്മാരുടെ അവസ്ഥ.കൗമാരപ്രായത്തിൽ പ്രവർത്തിക്കാനുള്ള മൂലധനം കൈയിലുണ്ട്. എന്നാൽ എങ്ങനെ പ്രവർത്തിക്കണമെന്നറിഞ്ഞുകൂടാ.
വിദ്യാസമ്പന്നരായ മാതാപിതാക്കൾ പോലും തങ്ങളുടെ കുട്ടികൾക്ക് ലൈംഗിക കാര്യങ്ങളെപ്പറ്റിയുള്ള ശാസ്ത്രീയജ്ഞാനം നല്കുന്നതിൽ ശ്രദ്ധകാണിക്കുന്നില്ല.അതിനാൽ ലൈംഗിക കാര്യങ്ങൾ പുറത്തുപറയാൻ പാടില്ലാത്ത മേച്ഛമായ എന്തോ ആണെന്ന ധാരണയാണ് കുട്ടികളിൽ കാണുന്നത്. കൂടാതെ,പക്വതയും അറിവുമില്ലാത്ത കൂട്ടുകാരിൽ നിന്നും ടി.വി., ഇന്റർനെറ്റ് തുടങ്ങിയ മാധ്യമങ്ങളിൽനിന്നും പൈങ്കിളി മാസികകളിൽനിന്നും അശ്ലീല ഗ്രന്ഥങ്ങളിൽനിന്നും മറ്റും ആശങ്കാജനകവും അബദ്ധപൂർണ്ണവുമായ പലകാര്യങ്ങളും പഠിക്കുന്നു. ശരീരത്തിന്റെ മറ്റവയവങ്ങളെപ്പോലെ ലൈംഗികാവയവങ്ങളെ കാണുവാനും മനസ്സിലാക്കുവാനും പലപ്പോഴും കൗമാരപ്രായക്കാർക്ക് കഴിയുന്നില്ല.ലൈംഗികാവയവങ്ങളുടെ ശരിയായ ഉദ്ദേശ്യം, അവയുടെ പ്രവർത്തനം എന്നിവയെപ്പറ്റി ശാസ്ത്രീയമായ അറിവ് ഈ പ്രായത്തിൽ നല്കേണ്ടതാണ്.അതു പോലെ കുട്ടികളെ മൂല്യബോധമുള്ളവരായി വളർത്തണം.നമ്മുടെ ശരീരം ഒരു ദേവാലയമാകുന്ന ദൈവാത്മാവ് നിങ്ങളിൽ വസിക്കുന്നുവെന്നും നിങ്ങൾ അറിയുന്നില്ലേ. (1 Cor. 3:16-17) ആധുനിക ചുറ്റുപാടിൽ മനുഷ്യശരീരം ഒരു വില്പനച്ചരക്കായി മാറിയിരിക്കുന്നു.
Reviewed by Krishna
on
November 10, 2023
Rating:

.jpeg)
No comments: